എന്റെ ബ്ലോഗ് പട്ടിക

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഡോക്ടര്‍ ( പട്ടാളം ) തങ്കപ്പന്‍ നായരും 'മേഡിക്കല്‍ ' കോളേജും . . .
ആദ്യം തന്നെ  'മേഡിക്കല്‍ കോളേജ് എന്ന വാക്കിന് കടപ്പാട് ബഹുമാനപ്പെട്ട 
മുഖ്യമന്ത്രിയോട്..

     ഡോ. തങ്കപ്പന്‍ നായര്‍ ഞങ്ങളുടെ നാട്ടിലെ പഴയ തലമുറയില്‍ പെട്ട ഒരു ഡോക്ടര്‍ ആണ്. ആള്‍ പട്ടാളത്തിലൊക്കെ ആയിരുന്നു. അങ്ങനെ            "പട്ടാളം ഡോക്ടര്‍ " എന്ന പേരില്‍ അദ്ദേഹം ആ നാട്ടിലും അയല്‍ നാട്ടിലും ഒക്കെ അറിയപ്പെട്ടിരുന്നു.  സ്വന്തം വീടിന്റെ ഒരു ഭാഗത്ത്‌ തന്നെ ആണ് ക്ളിനിക്. രാവിലെ മുതലേ തന്നെ രോഗികളെ പരിശോധിക്കും - അങ്ങനെ പ്രത്യേക സമയ നിഷ്ഠ ഒന്നും ഉണ്ടായിരുന്നില്ല - മരുന്ന് കൊടുക്കും കുത്തി വെക്കും നിവര്‍ത്തി ഇല്ലെങ്കില്‍ മാത്രം ഷൈനി ചേച്ചിയുടെ മെഡിക്കല്‍ സ്റ്റോര്‍ ലേക്ക് ഒരു കുറിപ്പ് കൊടുക്കും. മെഡിക്കല്‍ റെപ്രസെന്‍ററ്റിവ് മാര്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍ക്ക് വേണ്ടി മരുന്ന് എഴുതാറില്ലായിരുന്നു എന്ന് പ്രത്യകം പറയേണ്ടല്ലോ. അത് പോലെ കിട്ടുന്ന ഫ്രീ സാമ്പിള്‍ മരുന്നുകളൊക്കെ പാവപ്പെട്ട നാട്ടുകാര്‍ക്ക് തന്നെ വിതരണം ചെയ്യുമായിരുന്നു. 

     വളരെ അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ ഞങ്ങളുടെ നാട്ടുകാര്‍ ദൂരെ ഉള്ള ആശുപത്രികളില്‍ കൊണ്ട് പോയിരുന്നുള്ളൂ. അവിടത്തെ "അറക്കവാള്‍ " പോലെ ഉള്ള ബില്ല് തന്നെ കാരണം.

    ഡോ. തങ്കപ്പന്‍ നായര്‍ ഒരു സരസനും സഹായ മനസ്കനും ആണ്. ഈയുള്ളവന്‍ ഉള്‍പ്പടെ ഒക്കെ കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പിനൊക്കെ പിരിവിനു ചെല്ലുമ്പോള്‍ ഗോമതി ചേച്ചി യെ കൊണ്ട് ചായയും ബിസ്കറ്റ് ഉം ഒക്കെ തരുന്നതിനു പുറമേ ഒരു തുകയും കിട്ടുമായിരുന്നു. (ഡോക്ടര്‍മാര്‍ക്കിടയില്‍  അങ്ങനെ ഉള്ളവര്‍ വളരെ ചുരുക്കം ആണ് ഇപ്പോളും എന്ന് പറയപ്പെടുന്നു.) ഇദ്ദേഹം കഥാപാത്രമായ ചില സംഭവങ്ങള്‍ ...
       എല്ലാ മഴക്കാലത്തും പനിയും ചുമയും ആയി ധാരാളം രോഗികള്‍ വരാറുണ്ട് . ആ വരവ് കാലം തുടങ്ങിയാല്‍ അദ്ദേഹം നേരത്തെ തന്നെ പനിക്കും ചുമക്കും ഉള്ള മരുന്നുകള്‍ ചീട്ടുകളില്‍ എഴുതി വെക്കും രോഗി വന്നു പേരും വയസും പറഞ്ഞു തീരുമ്പോള്‍ തന്നെ കുറിപ്പടി റെഡി. എന്തെങ്കിലും കൂടുതല്‍ അസുഖം ഉണ്ടെങ്കിലെ വിശദമായ പരിശോധന ഉള്ളു. 

          ഒരിക്കല്‍ വര്‍ഗ്ഗീസ്  റൈറ്റര്‍ (ഇദ്ദേഹം ഞങ്ങളുടെ നാട്ടിലെ മറ്റൊരു കഥാപാത്രമാണ് - കഥകള്‍ പിന്നീടു പോസ്റ്റുന്നതായിരിക്കും) മകന്‍ ബെന്നി യെയും കൊണ്ട് ഡോക്ടര്‍ നെ കാണാന്‍ ചെന്നു. ബെന്നി "തീരെ മെലിഞ്ഞിരിക്കുന്നു. കുറച്ചു തടി വെക്കാന്‍ വല്ല മരുന്നും ഉണ്ടെങ്കില്‍ തരണം." എന്നായിരുന്നു ആവശ്യം. അത് കേട്ടപ്പോള്‍ തന്നെ ഡോക്ടര്‍ തന്‍റെ മകനെ വിളിച്ചു "സുരേഷേ .." സുരേഷ് ഓടി വന്നു. " ഷര്‍ട്ട്‌ ഊരെടാ .." എന്ന് ഡോക്ടര്‍ . ഷര്‍ട്ട്‌ ഊരി കാണിച്ചു കൊടുത്തു. ഭിത്തിയില്‍ തൂങ്ങുന്ന അസ്ഥി കൂടത്തിന്റെ പടത്തിന് ജീവന്‍ വെച്ചതാണോ എന്ന് റൈറ്റര്‍ ക്ക് തോന്നി. അതായിരുന്നു കോലം. കൂട്ടത്തില്‍ ഡോക്ടര്‍ ടെ വാക്കുകള്‍  "എന്റെ റൈറ്റരേ  തടി വെക്കാന്‍ വല്ല മരുന്നും ഈ ഭൂമി മലയാളത്തില്‍ ഉണ്ടെങ്കില്‍ ഞാനാദ്യം ഇവന് വാങ്ങി കൊടുക്കൂലെ .. ഒക്കെ തട്ടിപ്പല്ലേ??"  റൈറ്റര്‍ മകന്റെ കയ്യും പിടിച്ച് ഇറങ്ങി നടന്നു....

     അത് പോലെ ഒരിക്കല്‍ ടൈലര്‍ രാജേട്ടന്റെ മകന്‍ രാജേഷ്‌ ഒരു ബട്ടന്‍സ് എടുത്തു വളരെ വിദഗ്ദമായി മൂക്കിനകത്ത്‌ കയറ്റി. തിരിച്ചെടുക്കാന്‍ പറ്റുന്നില്ല. രാജേഷ്‌ ന്റെ അമ്മ മണി ചേച്ചി നെഞ്ഞത്തടിയും നിലവിളയും തുടങ്ങി. എല്ലാരും കൂടി രാജേഷ്‌ നെ പൊക്കി ഡോക്ടര്‍ ടെ അടുത്തെത്തിച്ചു.
 "എന്താ ചെയ്യാ??" എന്നായിരുന്നു എല്ലാരുടെയും മനസ്സില്‍ .   
           ഡോക്ടര്‍ പെട്ടിക്കടക്കാരന്‍ ഗോപാലന്‍ ചേട്ടനോട് കുറച്ചു പുകയില കൊണ്ട് വരന്‍ പറഞ്ഞു.
    ഒരു കാര്യം കൂടി അന്നൊക്കെ അങ്ങനെ ആണ് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ എല്ലാരും ഓടി കൂടും ആവുന്നത്ര സഹായങ്ങള്‍ എല്ലാം കയ്യും മെയ്യും മറന്നു ചെയ്യും. ഒരു തല്ലും പിടിയും ഉണ്ടായാല്‍ പോലും "സ്വന്തം തടി" നോക്കാതെ പിടിച്ചു മാറ്റാന്‍ ആളുണ്ടാവും. ഇന്നെന്തോ അതൊക്കെ മാറിപ്പോയി. അത് കൊണ്ട് നാട്ടിന്‍ പുറത്തായാലും ആരും പോയി തല്ലുണ്ടാക്കരുത്.. പ്ലീസ്,    പിടിച്ചു മാറ്റാനും ഒന്നും ആരും വരില്ല.  
      ഗോപാലന്‍  ചേട്ടന്‍ ഓടിപ്പോയി പുകയില കൊണ്ട് വന്നു. ഡോക്ടര്‍ അത് നല്ല പോലെ ചൂടാക്കി രാജേഷ് നോട് മണപ്പിക്കാന്‍ പറഞ്ഞു അവനതൊട്ടും  മൈന്‍ഡ് ചെയ്തില്ല പിന്നെ എല്ലാരും കൂടി ഒച്ച ഇട്ടപ്പോള്‍ പാവം രാജേഷ് അത് ആഞ്ഞു അകത്തേക്ക് വലിച്ചു കയറ്റി. കളികള്‍ക്കിടയില്‍ ഇല,  കടലാസ് ഒക്കെ ചുരുട്ടി വലിച്ചിട്ടേ ഉണ്ടായിരുന്നുള്ളു അവന്‍ ഇത് വരെ. പുകയിലയുടെ ചൂട് ഉള്ള മണം മൂക്കിനകത്തെക്ക് കയറിയതോടെ   രാജേഷ്‌  ശക്തമായി തുമ്മാന്‍ തുടങ്ങി. അതി ശക്തമായ ആ തുമ്മലില്‍ നേരിയ ചുവന്ന നിറമുള്ള ആവരണത്തോടെ ബട്ടന്‍സ് പുറത്തേക്കു തെറിച്ചു പോയി.  

       "കഥകള്‍ക്ക് വല്ലാതെ നീളം കൂടുന്നു",          " ഒറ്റ അടിക്കു ഇരുന്നു വായിക്കാന്‍ 
'സമയമില്ലായ്മ' മുദ്രാവാക്യമായ ഈ കാലത്ത് ആര്‍ക്കാണ് നേരം?"   എന്നൊക്കെ ഉള്ള അനുവാചകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഡോ. തങ്കപ്പന്‍ നായരുടെ  കഥകള്‍ തുടരും...                 
2011, മാർച്ച് 16, ബുധനാഴ്‌ച

അപ്പുട്ടനും ഇസ്മായിലും പിന്നെ ഞാനും . . .
'വലിയ വീട്ടില്‍ അപ്പുട്ടന്‍ ' ഞങ്ങളുടെ നാട്ടിലെ പ്രധാന തറവാടുകളില്‍ ഒന്നിലെ "വയറു കഴുകി സന്തതി" അതായത് ഏറ്റവും ചെറിയ കുട്ടി ആയിരുന്നു. നാട്ടിലെ പാടശേഖരങ്ങളില്‍ ഒരു പങ്കും കൃഷി ഭൂമിയില്‍ ഒരു പങ്കും കക്ഷിയുടെ വീട്ടുകാരുടെ വകയായിരുന്നു.നാല് പെങ്ങന്മാര്‍ക്കും കൂടി ഉള്ള ഒരേ ഒരു ആങ്ങള.."നഞ്ഞെന്തിന് എന്തിനു നാനാഴി?" എന്ന് നിങ്ങള്‍ ചിന്തിച്ചു കാണും. ഒറ്റതും ഇളയതുമായ 'കുഴപ്പങ്ങള്‍ ' ഉണ്ടാവും എന്ന് നമ്മള്‍ പ്രതീക്ഷിക്കും, എന്നാല്‍ അങ്ങനെ ഒന്നും ഇല്ല എന്ന് തന്നെ അല്ല എട്ടണക്ക്‌ പിശുക്ക് കൂടുതലും ആണ്. ജനത വായന ശാലയിലെ വൈകുന്നേരങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയ വിശകലനങ്ങള്‍ക്കും  ചൂടേറിയ ചര്‍ച്ചകള്‍കും ശേഷം ഉള്ള കട്ടന്‍ കാപ്പിക്കും ഓംലെറ്റ്‌ നും പോലും ഒരിക്കലും അപ്പുട്ടന്‍ പൈസ മുടക്കില്ല. പിന്നെയല്ലേ ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഷെയര്‍ ഇട്ടുള്ള വീശല്‍...അങ്ങനെ കൂട്ടത്തില്‍ വെത്യസ്ഥനായ ഒരു ബാലന്‍ ആയിരുന്നു അപ്പുട്ടന്‍ ..
             
    ഇസ്മയില്‍ ആവട്ടെ നാട്ടിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കുടുംബത്തില്‍ ഉള്ള മെമ്പറും. നാട്ടിലെ അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ കാര്‍ഷിക വിളകള്‍ വാങ്ങി കോഴിക്കോട് അങ്ങാടി യിലേക്ക് അയക്കുന്ന പരിപാടി. ചെറുപ്പം മുതലേ ധാരാളം പണം കൈകാര്യം ചെയ്തു ശീലം ഉള്ള കുടുംബക്കാര്‍ ആണ്. രണ്ടു കയ്യിലും കറന്‍സി നോട്ടുകള്‍ പിടിച്ചു മേശപ്പുറത്തേക്ക് ഒരു പോലെ ഇട്ട് ഇടതടവില്ലാതെ എണ്ണാന്‍ ഉള്ള കഴിവ്  ഇസ്മായിലിന് ഉണ്ടായിരുന്നു. ഈ രണ്ടു നോട്ടു കെട്ടില്‍ ഏതിലെങ്കിലും ഒരു നോട്ട്‌ കൂട്ടം തെറ്റി വന്നാല്‍ അത് വേറെ ആവും വീഴുക. അന്ന് currency counting machine ഒന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ ഒരു മെച്ചം. 

      പറഞ്ഞു വന്നത്.. ഈ  മലഞ്ചരക്ക് വ്യാപാരത്തില്‍ പലപ്പോളും പണത്തിനു നല്ല ബുദ്ധിമുട്ട് വരുമായിരുന്നു. ടൌണിലേക്ക് അയച്ച ലോഡ് ന്റെ പൈസ വരാനോ മറ്റോ താമസിച്ചാല്‍ താല്കാലികമായ ഒരു ടൈറ്റ്. ഈ അവസരത്തില്‍ പലരില്‍ നിന്നും കടം വാങ്ങിയാണ് കാര്യങ്ങള്‍ നടത്തുക. അത് അപ്പുട്ടനും നന്നായി അറിയാമായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഇസ്മയിലിനു പൈസ കൊടുക്കുമായിരുന്നില്ല. തന്നെയുമല്ല 'Offence is the best defence' എന്ന ശാസ്ത്രത്തില്‍ ഊന്നി ഇടക്കൊക്കെ ഇസ്മായിലിനോട് 5,000.00; 10,000.00; 25,000.00 ഒക്കെ വാങ്ങുകയും ചെയ്യും. ഒരു കാര്യത്തിനും വേണ്ടി അല്ല വെറുതെ വാങ്ങുക ആണ് എന്ന് ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു താനും. വാങ്ങിയ പണം സമയത്തിന് തന്നെയോ ഒന്നോ രണ്ടോ ദിവസം താമസിച്ചോ കൊടുക്കുകയും ചെയ്തു. ഇങ്ങനെ പലപ്പോള്‍ ആയപ്പോള്‍ ഇസ്മായിലിന് സ്വൈര്യം കെട്ടു. അപ്പുട്ടനെ ഒന്ന് "നേരെ ആക്കുവാന്‍ " തീരുമാനിച്ചു. 

    ഒരു ദിവസം അപ്പുട്ടന്‍ പൈസ ചോദിച്ചപ്പോള്‍ ഇസ്മായില്‍ പറഞ്ഞു " വൈകുന്നേരം വീട്ടിലേക്കു വാ." എന്നിട്ട് ഇസ്മായില്‍ എന്നോടും പറഞ്ഞു " നീയും വൈകിട്ട് വീട്ടിലേക്കു വരണം." സന്ധ്യക്ക്‌ ഞാന്‍ അലവിക്കുട്ടിയെയും കൂട്ടി ഇസ്മായിലിന്റെ വീട്ടില്‍ എത്തി. ഇസ്മായിലിന്റെ ഉമ്മ (അമ്മ) -എനിക്ക് രണ്ടു പേരും ഒരു പോലെ തന്നെ ആണ്- ആട്ടിന്‍ പാല്‍ ഒഴിച്ച ചായയും 'പഴം നിറച്ചതും' കൊണ്ട് വന്നു തന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്പുട്ടനും എത്തി. കക്ഷിക്കും കൊടുത്തു. കഴിച്ചു. 
     ഇതിനിടക്ക്‌ ഇസ്മായില്‍ രണ്ടു പലാസ്റ്റിക്  കൂട് കൊണ്ട് വന്നു ടീപോയില്‍ വെച്ചു.  'പഴം നിറയുടെ' പാത്രം എടുത്തു മാറ്റി ( അത് കാലി ആയിരുന്നു.)  പലാസ്റ്റിക്  കൂട്  രണ്ടും ടീപോയിലേക്ക് തട്ടി. 100 ന്റെ നോട്ട്‌ കെട്ടുകള്‍ ആയിരുന്നു. അപ്പുട്ടന്‍ ഒന്ന്  അന്തം വിട്ടു. ഞങ്ങളും. ഇസ്മായില്‍ പറഞ്ഞു " അപ്പുട്ടാ ... എത്രയാ വേണ്ടത് എന്ന് വെച്ചാല്‍ എടുത്തോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചോദിച്ച് സ്വൈര്യം കെടുത്തരുത്..." അപ്പുട്ടന്‍ ഒന്നും പറയാതെ ഞങ്ങളെ ഓരോരുത്തരെ ആയി നോക്കി.. ഇറങ്ങി...പുറത്തേക്കു നടന്നു. 
   അപ്പോള്‍ അലവിക്കുട്ടി പറഞ്ഞു " നല്ല തറവാട്ടിലും നാ-- പിറക്കും, കേട്ടിട്ടില്ലേ?" ഞങ്ങളും ഇറങ്ങി നടന്നു.
     പ്രിയമുള്ളവരേ 'ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം ഇങ്ങനെ ഉള്ള അപ്പുക്കുട്ടന്‍ മാരുടെ മുന്‍പില്‍ ഇസ്മായില്‍ മാരായി ജീവിക്കണം' എന്ന്‌  നിങ്ങള്‍ക്കും തോന്നുന്നില്ലേ?

ഒരു കാര്യം കൂടി: കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോളും  ജീവിച്ചിരിക്കുന്നു. നിലമ്പൂരിന്റെ  പരിസരങ്ങളില്‍. വേണം എന്നുള്ളവര്‍ക്ക്  പരിചയപ്പെടാം... 

2011, മാർച്ച് 6, ഞായറാഴ്‌ച

കത്തിയാല്‍ കത്തും രാജു അഥവാ ഫോറസ്ടര്‍ രാജു.


നിലമ്പൂരിലെ കഥ പറയുമ്പോള്‍ തേക്കിന്റെയും കാടിന്റെയും കഥകള്‍ ഒന്നും ഇല്ലേ എന്ന ഒരു ചോദ്യം ഉയര്‍ന്നിട്ടു കുറച്ചായി.
അങ്ങനെ ആണ് ഫോറസ്റെര്‍ രാജു വിന്റെ കഥ വരുന്നത്. രാജു പഠിക്കുന്ന കാലം, മുതലേ വളരെ ഫേമസ് ആണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് രാജു വിദ്യാര്‍ഥി ഫെഡറഷന്‍ പ്രവര്‍ത്തകന്‍ ആയിരുന്നു. ഉശിരുള്ള ഒരു സഖാവ്. ഒരിക്കല്‍ സമരം നടത്തിയിട്ട് ക്ലാസ്സ്‌ വിട്ടില്ല. വരാന്തയിലൂടെ 4-5 വട്ടം പ്രകടനം നടന്നു പോയി. പ്രിന്‍സിക്ക് ഒരു കുലുക്കവും ഇല്ല. അപ്പോള്‍ നേതാവായ 'ഹോചിമിന്‍ ' പറഞ്ഞു "ഇതിങ്ങനെ പോയാല്‍ ശരി ആവില്ല." രാജു ഉടനെ തന്നെ
അതിനു പരിഹാരം കണ്ടു ഓടിപ്പോയി ഓഫീസിനു അടുത്ത് കെട്ടിയിരുന്ന ബെല്ല് എടുത്തു കയ്യില്‍ പിടിച്ചു വരാന്തയിലൂടെ ശീവേലി പോലെ അടിച്ചു കൊണ്ട് നടന്നു. എന്നിട്ട് ആ ബെല്ല് കൊണ്ട് പോയി കിണറ്റില്‍ ഇട്ടു. അന്ന് ക്ലാസ്സ് വിട്ടു പക്ഷെ രാജു വിനെ പ്രിന്‍സിപല്‍ സസ്പെന്‍ഡ് ചെയതു. പിന്നെ നാട്ടിലെ പ്രധാനികളും പാര്‍ട്ടി കാരും പള്ളിക്കാരും ഒക്കെ വന്നു മദ്ധ്യം പറഞ്ഞിട്ടാണ് രാജു വിനെ തിരിച്ചെടുത്തത്. പക്ഷെ രാജു വിനു ഒരു മാറ്റവും ഉണ്ടായില്ല..
ഇതേ രാജുവിന്റെ നേതൃത്തത്തിലാണ് ഒരു ഏപ്രില്‍ 1 ന് ബഹുമാനപ്പെട്ട വൈസ് പ്രിന്‍സിപ്പലിന്റെ വീടിന്റെ മുന്‍പിലെ പേര് എഴുതിയ ബോര്‍ഡ്‌ മൃഗാശുപത്രിയുടെ മുന്‍പില്‍ സ്ഥാപിക്കുകയും അവിടത്തെ ബോര്‍ഡ്‌ എടുത്തു മറ്റേതു എടുത്തിടത്ത് സ്ഥാപിക്കുകയും ചെയ്തത്. മറ്റൊരു അവസരത്തില്‍ എടുത്ത ഫോട്ടോ നന്നായില്ല എന്ന കാരണം പറഞ്ഞു നാട്ടിലെ " ചിത്രാ സ്റ്റുഡിയോ " എന്ന ബോര്‍ഡ്‌ ന് മുന്‍പില്‍ ഒരു "വി" കൂടി ചേര്‍ത്ത് 'വി"ചിത്രാ" സ്റ്റുഡിയോ ആക്കുകയും ചെയതു; രാജു. അങ്ങനെ രാജു വിനെ കൊണ്ട് പൊരുതി മുട്ടിയ പ്രിന്‍സി ഒരിക്കല്‍ രാജുവിനോട് പറഞ്ഞു " ഡാ രാജു നീ ഞായറാഴ്ച ഇങ്ങോട്ട് വാ ഞാനീ കോളേജ് ന്റെ താക്കോല്‍ അങ്ങ് തരാം. നീ എന്താന്നു വെച്ചാല്‍ അങ്ങ് കാണിക്ക് ....."
ആ രാജു വാണ് ഫോറെസ്റെര്‍ ആയതു അതിങ്ങനെ. ഇതിന്റെ ടെസ്റ്റ്‌ ഒക്കെ ഒരു വിധം കക്ഷി മറുകണ്ടം ചാടി-അതിന്റെ പിന്നിലും കുറെ കഥകള്‍ ഒക്കെ പറഞ്ഞു കേള്‍ക്കുന്നു പക്ഷെ ഉറപ്പില്ലാത്തത് കൊണ്ട് എഴുതുന്നില്ല- അപ്പോള്‍ ഫോറെസ്റെര്‍ ഇന്റര്‍വ്യൂ നടക്കുക ആണ് . രാജുവിന്റെ ഊഴം എത്തി. അകത്തു കടന്നു. ഇരുന്നു, ചോദ്യങ്ങള്‍ തുടങ്ങി, മറുപടിയും; അതിങ്ങനെ:-
ചോദ്യം : "രാജു കാട്ട് തീ തടയാന്‍ എന്ത് ചെയ്യും?"
ഉത്തരം: "കാട്ടു തീ തടയുക എന്ന ബോര്‍ഡ്‌ വെക്കും സാര്‍ ...."
ചോദ്യം: " നിങ്ങള്‍ ഡ്യൂട്ടി യില്‍ ഉള്ള സ്ഥലത്ത് തീ കത്തുന്നു എന്ന് വെക്കുക, എന്ത് ചെയ്യും?"
ഉത്തരം : പച്ചിലകള്‍ ഉള്ള കാടു പൊന്തകള്‍ വെട്ടിയെടുത്തു തല്ലി കെടുത്തും സാര്‍ ."
ചോദ്യം : " തല്ലിക്കെടുതിയിട്ടും അനയുന്നില്ല തീ പടരുക ആണ് , എന്ത് ചെയ്യും?"
ഉത്തരം : "വെള്ളം കിട്ടുമോ എന്നും നോക്കും സാര്‍ , വെള്ളം ഒഴിച്ച് കെടുതാമോ എന്നും..."
ചോദ്യം : " വെള്ളം കിട്ടാനില്ല , തീ പടരുക ആണ്..എന്ത് ചെയ്യും?"
ഉത്തരം : " ഫയര്‍ ലൈന്‍ ക്ളിയര്‍ ചെയ്യും സാര്‍ .."
ചോദ്യം: " ഫയര്‍ ലൈന്‍ ഉം കടന്നു തീ പടരുക ആണ് ..എന്ത് ചെയ്യും?"
ഉത്തരം : " ഫയര്‍ ഫോഴ്സ് നെ വിളിക്കും സാര്‍ "
ചോദ്യം : " ഫയര്‍ ഫോഴ്സ് ഒന്നും വരാവുന്ന സ്ഥലത്തല്ല എന്ത് ചെയ്യും?"
രാജുവിന്റെ ക്ഷമ നെല്ലിപ്പലകയും കടന്നു പോയിരുന്നു.. വരും പോലെ വരും എന്ന് മനസ്സില്‍ ഉറപിച്ച്‌ രാജു " അപ്പോള്‍ സാറേ ,, തീ തല്ലി കേടുതിയിട്ടു കെടുന്നില്ല, വെള്ളം കിട്ടാനില്ല, ഫയര്‍ ലൈന്‍ ലും നില്കുന്നില്ല , ഫയര്‍ ഫോഴ്സ് ഉം വരില്ല.. അപ്പോള്‍ എന്താ ചെയ്യാ എന്നല്ലേ? 'അങ്ങട്ട് കത്തും... അതന്നെ....."
ചോദ്യ കര്‍ത്താവു പേനയും ഫയലും അടച്ചു വെച്ചു ... പക്ഷെ വിശ്വസിക്കൂ.. രാജു വിനു ജോലി കിട്ടി.
ഈ രാജുവിനെ പോലും ചില നിലംബുര്‍ കാര്‍ വിഡ്ഡി ആക്കാറുണ്ട്, അതില്‍ ഒരു കഥ.. സാധാരണ കാട്ടില്‍ നിന്നും അനധികൃതമായി മുരിചെടുക്കുന്ന മരം ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കും. ;കേസാക്കും. പിടിച്ചെടുത്ത മരത്തില്‍ തൊണ്ടി എന്ന നിലക്ക് "സ. ത." എന്ന് ചാപ്പ കുത്തും, ഒരു തരം കാര്‍വിംഗ്. " സര്‍ക്കാര്‍ തടവില്‍ " എന്നാണ് ഇതിനു അര്‍ഥം ഇങ്ങനെ ഉള്ള മരം പിന്നെ ആരും ഒന്നും ചെയ്യരുത് എന്നാണ് നിയമം. ഒരിക്കല്‍ ഇങ്ങനെ " സ. ത" കൊത്തിയ മരവുമായി പോവുന്ന ഒരു കാള വണ്ടി രാജുവും മറ്റു ചില ഉദ്യോഗസ്ഥരും കൂടി പിടിച്ചെടുത്തു. വണ്ടി ക്കാരോട് ഒച്ച ഇടുക ആണ് ഫോറെസ്റ്റ് സാറന്മാര്‍ " സ. ത. ഉള്ളത് കണ്ടില്ലെടാ.. ഇത് എടുക്കാന്‍ പാടില്ല എന്ന് അറീല്ലെ??" വണ്ടിക്കാരന്‍ കാദര്‍ കാക്ക "അല്ല സാറേ എന്താ
ഈ 'സ. ത.'?" രാജു "സര്‍ക്കാര്‍ തടവില്‍ അത് തൊടാന്‍ പാടില്ല." അപ്പോള്‍ കാദര്‍ കാക്ക വളരെ നിഷ്കളങ്കനായി "അല്ല സാറേ ഈ 'സ. ത.' = സര്‍ക്കാര്‍ തരുന്നത് എന്നും വായിക്കാല്ലോ?" രാജുവും കൂട്ടരും ക്ളീന്‍ ബൗള്‍ഡായി.
നിലമ്പൂരില്‍ തന്നെ ഒരു വീട് പണിയാന്‍ ബാക്കി ഉള്ളത് കൊണ്ട് ആളുടെ ഇപ്പോളത്തെ സ്ഥിതിയെ കുറിച്ച് ഒന്നും പറയുന്നില്ല.. നമ്മുടെ വീടിനും കുറച്ചു തേക്ക്‌ ഒക്കെ വേണ്ടേ???